ദേശീയപാതയിൽ പ്രധാന ടൗണുകളില്‍ ഒന്നായ കുഞ്ഞിപ്പള്ളിയില്‍ സുഗമമായി എത്തിച്ചേരുന്നതിന് അടിപ്പാത വേണമെന്ന ആവശ്യം ശക്തമാവുകയാണ് കുടുംബാരോഗ്യ കേന്ദ്രം, ചോമ്പാല പോലീസ് സ്റ്റേഷന്, കൃഷി ഭവന് തുടങ്ങിയ ഓഫീസുകളും കുഞ്ഞിപ്പള്ളി, മദ്രസ, കോളജ് തുടങ്ങിയവയും ധാരാളം വ്യാപാര സ്ഥാപനങ്ങളുമുള്ള കുഞ്ഞിപ്പള്ളി ടൗണിന് ദേശീയപാത വികസനം തിരിച്ചടിയായിരിക്കുകയാണ്. ഇതിനു പരിഹാരമായി അടിപ്പാത പണിയണമെന്ന ആവശ്യമാണ് ഉയരുന്നത്. കുഞ്ഞിപ്പള്ളി ജുമ മസ്ജിദും അങ്ങാടിയും രണ്ടായി വിഭജിക്കപ്പെട്ട അവസ്ഥയാണ്.കിഴക്കും പടിഞ്ഞാറുമായി ബന്ധപ്പെടാൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് കൂടിയുള്ള മോന്താൽ കടവ് റോഡിന് സമാന്തരമായി നിർമിച്ച അടിപ്പാത വഴി 400 മീറ്ററോളം സഞ്ചരിക്കണം.മോന്താൽക്കടവ് ഭാഗത്തു നിന്ന് എത്തുന്നവർ ബസ് ഇറങ്ങി, മേൽപാലം വന്നതോടെ അടച്ചു പൂട്ടിയ റെയിൽവേ ക്രോസിലൂടെ കടന്നാണ് ദേശീയപാതയുമായി ബന്ധപ്പെടുന്നത്. കണ്ണൂർ ഭാഗത്തേക്ക് പോകുന്നവർ വീണ്ടും സർവീസ് റോഡ് വഴി പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കണം.കുഞ്ഞിപ്പള്ളി ടൗണില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് ചോമ്പാല്‍ കമ്പയിന് സ്പോര്‍ട്സ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. കെ.ജയന് മോഹന്‍, ബി.കെ.റൂഫൈയിദ്, പി.പി.ഷീ ഹാബുദ്ദീന്‍, ഷംഷീര്‍ അത്താണിക്കല്‍, എന്‍.കെ.ശ്രീജയന്‍, വി.സി.മഹേഷ്, എം.കെ.അസീബ്, കെ.വി.അഫ്സല് എന്നിവര്‍ സംസാരിച്ചു.

