
കഴിഞ്ഞ ദിവസം ചെറുകുന്ന് പള്ളിക്കരയിൽ തൊണ്ടയിൽ ചുയിംഗ് കുരുങ്ങിയതിനെ തുടർന്ന് ശ്വാസം തടസം നേരിട്ട കുട്ടിയെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകർക്ക് പയ്യന്നൂർ അഗ്നി രക്ഷാ നിലയത്തിൻ്റെയും സിവിൽ ഡിഫൻസ് സേനയുടെയും സംയുക്താഭിമുഖ്യത്തിൽ പള്ളിച്ചാൽ സി എം എൽ പി സ്കൂളിൽ വച്ച് അനുമോദിച്ചു. ഇതേ സ്കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ ഷൗക്കത്ത് എന്ന വിദ്യാർത്ഥിനിയാണ് സൈക്കിളിൽ പോകവേ ചൂയിംഗം തൊണ്ടയിൽ കുടുങ്ങുകയും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ റോഡരികിൽ കുശലാന്വേഷണത്തിലേർപ്പെട്ട് കൊണ്ടിരുന്ന പള്ളിക്കര സ്വദേശികളായ ഇസ്മായിൽ ,നിയാസ്, ജാഫർ എന്നിവരുടെ അടുത്തേക്ക് സൈക്കിളോടെ ചെല്ലുകയും തൊണ്ടയിൽ കുരുങ്ങിയ വിവരം ആംഗ്യഭാഷയിലുടെ അറിയിക്കുകയും ചെയ്തത്. ഉടൻ തന്നെ മൂവരും സമയോചിതമായി ഇടപെടുകയും സമൂഹമാധ്യമങ്ങളിൽ കണ്ടു പരിചയമുണ്ടായിരുന്ന പ്രഥമശുശ്രൂഷ രക്ഷാ രീതികളുടെ പരിചയം ഉപയോഗിച്ച് കുട്ടിക്ക് രക്ഷാ രീതി ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഈ രക്ഷപ്പെടുത്തിയവരെയാണ് അവരുടെ ഉത്തരവാദിത്ത ബോധത്തെയാണ് ചടങ്ങിൽ അനുമോദിച്ചത് . അതോടൊപ്പം തൻ്റെ അസ്വസ്ഥതയെ കൃത്യസമയത്ത് തന്നെ സമീപത്തുള്ളവരെ അറിയിക്കുവാൻ കാണിച്ച ഫാത്തിമയുടെ ആത്മധൈര്യത്തെയും ചടങ്ങിൽ വച്ച് ആദരിക്കപ്പെട്ടു. തുടർന്ന് കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ്സും നൽകി. മാടായി എ ഇ ഒ ഡോ. കെ.പി സംഗീത ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രഥാനധ്യാപിക റംസീന എ സി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് സി വി അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഓഫീസർ സി പി രാജേഷ് അനുമോദനവും സുരക്ഷാ ബോധവത്കരണ ക്ലാസ്സ് നൽകി.
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ മുരളി എൻ , സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ സൂരജ് ടി വി, സി കെ സിദ്ധാർത്ഥൻ, കെ സജീവൻ, എസ് കെ മുസ്തഫ, മാനേജർ കെ ടി പി മുസ്തഫ, സാജിദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സിനിയർ അസിസ്റൻ്റ് പ്രവിത പവിത്രൻ നന്ദിയും രേഖപ്പെടുത്തി.
