
കോഴിക്കോട് റൂറൽ ജില്ലയിലെ ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കണ്ണാടിപൊയിൽ എന്ന സ്ഥലത്തുനിന്ന് ആഗസ്റ്റ് മാസം 31 ന് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീയുടെ കോൾ വരികയും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു.
ഫോൺ അറ്റൻഡ് ചെയ്ത ജിഡി ചാർജ് ഉദ്യോഗസ്ഥനായ ഗോകുൽരാജ് ഉടൻതന്നെ സ്റ്റേഷൻ ഇൻസ്പെക്ടർ ആയ ദിനേശിനെ വിവരമറിയിക്കുകയും ഇൻസ്പെക്ടറും എ എസ് ഐ സുജാത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് ജംഷീദ് ,അനൂപ് എന്നിവർ ഉടൻതന്നെ സ്ത്രീയുടെ വീട് കണ്ടുപിടിക്കുകയും വാതിൽ ചവിട്ടി പൊളിച്ചു അകത്ത് കടക്കുകയും കയറിൽ തൂങ്ങി ആടുകയായിരുന്ന സ്ത്രീയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതിനാൽ ഒരു ജീവൻ രക്ഷിക്കുവാൻ സാധിച്ചു.
കൂടാതെ വടകര പോലീസ് സ്റ്റേഷൻ പരിധിയിൽ 10.09.2025 ന് രാത്രിയിൽ ഒരു +1 വിദ്യാർത്ഥി വീട്ടുകാരോട് പിണങ്ങി വീട് വിട്ട് ഇറങ്ങുകയും തുടർന്ന് ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകുകയും ചെയ്തു. രാത്രി മുഴുവൻ ഒരു ബോട്ടിൽ കിടന്നുറങ്ങിയ വിദ്യാർത്ഥി അതിരാവിലെ ചെറിയ വഞ്ചിയുമായി മൂരാട് പുഴയുടെ ഭാഗത്തേക്ക് തുഴഞ്ഞു പോകുകയായിരുന്നു പോലീസിനെ കണ്ടതോടെ കുട്ടി വഞ്ചി കരയ്ക്കടുപ്പിച്ച് കാടുപിടിച്ച ഭാഗത്ത് ഒളിച്ചിരുന്നു ഈ സമയം മറ്റൊരു സ്ഥലത്ത് പോലീസ് മാറിനിന്നു പോലീസ് മാറിയെന്ന് മനസ്സിലാക്കിയ കുട്ടി വഞ്ചിയുമായി വീണ്ടും ഇറങ്ങി കടലും പുഴയും ചേരുന്ന അഴിമുഖത്ത് കുട്ടി എത്തിയിരുന്നെങ്കിൽ വഞ്ചിമറിഞ്ഞ് കുട്ടി അപകടത്തിൽ പെടുമായിരുന്നു.
വടകര ഇൻസ്പെക്ടർ മുരളീധരന്റെ നിർദ്ദേശപ്രകാരം വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ നവനീത്, ശരത്ത് എന്നിവരുടെ അവസരോചിതമായ ഇടപെടൽ കാരണമാണ് കുട്ടിക്ക് അപകടം ഒന്നും സംഭവിക്കാതിരുന്നത്.
കൂടാതെ പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിലെ തച്ചംകുന്ന് എന്ന സ്ഥലത്ത് 07.09.2015 തീയതി രാത്രി 11: 30 മണിക്ക് ഒരു വീട്ടിൽ ഗ്യാസ് സിലിണ്ടർ ലീക്കായി മുറിക്കകത്ത് വ്യാപിച്ച് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാൽ വീട്ടുകാർ പരിഭ്രാന്തരാവുകയും,
അയൽവാസിയായ സുഹൃത്ത് ഫോണിൽ വിളിച്ച് അറിയിച്ചത് പ്രകാരം പ്രദേശവാസിയായ പയ്യോളി K9 സ്ക്വാഡിലെ ഷിനോസ് കുമാർ ഓടിച്ചെന്ന് പരിസരം നിരീക്ഷിച്ച് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി വീട്ടുകാരെയും സമീപത്ത് നിന്നിരുന്ന അയൽവാസികളെയും ദൂരെ സുരക്ഷിതമായ സ്ഥലത്ത് മാറ്റി ഫയർഫോഴ്സിനെ അറിയിക്കാൻ ഏർപ്പാട് ചെയ്യുകയും വീടിൻ്റെ അടുക്കളയിലേക്ക് കയറി ലീക്കായി കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടർ പുറത്തേക്കെടുത്തു മാറ്റുകയും ശേഷം ഫയർഫോഴ്സ് എത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
സീനിയർ സിവിൽ പോലീസ് ഓഫീസറായ ഷിനോസ് കുമാറിന്റെ വിവേകപൂർവ്വവും അവസരോചിതവുമായ ഇടപെടൽ കാരണം ഒരു വലിയ ദുരന്തം ഒഴിവാക്കുകയും ചെയ്തു.
