
ഡോ. എം എൻ പത്മനാഭൻ പുരസ്കാരം സി ടി ഹർഷിദയ്ക്ക്. ചരിത്രഗവേഷകനും എസ് എൻ കോളജ് പ്രൊഫസറുമായിരുന്ന ഡോ. എം എൻ പത്മനാഭൻ്റെ സ്മരണയ്ക്കായി അനുസ്മരണസമിതി ഏർപ്പെടുത്തിയ മികച്ച ചരിത്രപ്രബന്ധത്തിനുള്ള പുരസ്കാരത്തിന് മുക്കം സ്വദേശിനിയായ സി ടി ഹർഷിദ അർഹയായി.
10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരള ഹിസ്റ്ററി കോൺഫറൻസിൻ്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് പുരസ്കാരം നൽകപ്പെടുന്നത്. ‘മണിപ്രവാളം കൃതികളും മേലാള -കീഴാള സ്ത്രീവർണനകളിലെ ജാതികേന്ദ്രീകൃതവും’ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രബന്ധമാണ് സി ടി ഹർഷിദ രചിച്ചത്.
നവമ്പർ 28 മുതൽ 30 വരെ കൊയിലാണ്ടി ഗവ. കോളജിൽ നടന്ന അന്താരാഷ്ട്ര കേരള ഹിസ്റ്ററി കോൺഫറൻസ് സമാപനചടങ്ങിൽ റീന പത്മനാഭൻ പുരസ്കാരം സമ്മാനിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പി ഹരീന്ദ്രനാഥ് ഡോ. എം എൻ പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ.പി ശിവദാസൻ, ഡോ എം വിജയലക്ഷ്മി, ഡോ. ഇ ശ്രീജിത്ത് തുടങ്ങിയ ചരിത്രകാരന്മാർ ചടങ്ങിൽ പങ്കെടുത്തു. പുരസ്കാരജേതാവിനെ ഡിസമ്പർ 14ന് വടകരയിൽ നടക്കുന്ന ഡോ. എം എൻ പത്മനാഭൻ അനുസ്മരണ സമ്മേളനത്തിൽ ആദരിക്കും
