
വടകര: പ്രൊഫ.ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 9,10 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ‘കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിന്റെ പ്രചരണാർത്ഥം ലോകത്തിൻറെ വിവിധ പ്രദേശങ്ങളിൽ ‘ട്രീബൂട്ട് ബൈ സ്റ്റോറീസ്’ എന്ന സംഘടനയുമായി സഹകരിച്ച് വൃക്ഷത്തൈകൾ നടുന്നതിൻ്റെ ഉദ്ഘാടനം വടകര മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബിജു നിർവഹിച്ചു, ആദ്യ വൃക്ഷത്തൈ നട്ടു. പുതുപ്പണം ദേശീയപാതയോരത്ത് നടന്ന ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ട്രീബ്യൂട്ട് കോഡിനേറ്റർ എം റസില മുഖ്യാതിഥി ആയി. സ്വാഗതസംഘം കോഡിനേറ്റർമാരായ മണലിൽ മോഹനൻ, സെഡ് എ സൽമാൻ, ട്രഷറർ ഹാഫിസ് പൊന്നേരി, സിസി ഗംഗാധരൻ, പപ്പൻ നരിപ്പറ്റ, സന്ധ്യ കരണ്ടോട്, അഹമ്മദ് ബറാമി, മിനി ചന്ദ്രൻ, സിപി ചന്ദ്രൻ പുതുപ്പണം ജെ എൻ എം ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് കോഡിനേറ്റർമാരായ ദേവ് ധാർമിക്, ജെ എസ് ആൻലിയ തുടങ്ങിയവർ സംസാരിച്ചു. സരസ്വതി ബിജു പരിസ്ഥിതി കവിത ചൊല്ലി. രണ്ട് ഒട്ടുമാവിൻ തൈകളാണ് നട്ടത്. തൈകളുടെ സംരക്ഷണം ജെഎൻഎം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് ടീം ഏറ്റെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഫെസ്റ്റിന്റെ പ്രചരണത്തിനായി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. ഒക്ടോബർ 9,10 തീയതികളിൽ നടക്കുന്ന ഫെസ്റ്റിൽ മാധവ് ഗാഡ്ഗിൽ, മേധാ പട്ക്കർ എന്നിവർക്ക് പുറമേ കേരളത്തിനകത്തും പുറത്തുമുള്ള പരിസ്ഥിതി രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന 11 വ്യത്യസ്ത സെഷനുകളും ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, വിനോദ പരിപാടികൾ എന്നിവയും ഉണ്ടാവും. ഫെസ്റ്റിന്റെ പ്രചരണാർത്ഥം 23ന് ചൊവ്വാഴ്ച നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിസ്ഥിതി ചിത്ര രചനയിൽ 20 ചിത്രകാരന്മാർ ചിത്രങ്ങൾ വരയ്ക്കും; പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്യും. കുറ്റ്യാടിയിൽ പരിസ്ഥിതി ഗാനമേള, കോഴിക്കോട് ഫ്ലാഷ് മോബ് തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.

