
വടകരസൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാവിൻ്റ വീട്ടു കോലായിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തഇബ്രാഹിം കുട്ടി ഹാജിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യുക,കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും കോൺഗ്രസ് മുസ്ലിം ലീഗ് ആർഎംപി കൂട്ടുകെട്ടിന്റെയും സാമ്പത്തിക തട്ടിപ്പ് തിരിച്ചറിയുക, ഇബ്രാഹിം കുട്ടി ഹാജിയുടെ നിക്ഷേപവും
നഷ്ടപരിഹാരവും കുടുംബത്തിന് നൽകുക, തട്ടിപ്പിനിരയായവരുടെ മുഴുവൻ നിക്ഷേപവും തിരിച്ചു നൽകുക, ആത്മഹത്യക്ക് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുക, സൊസൈറ്റി ഡയറക്ടർമാരുടെയും ജീവനക്കാരുടെയും സ്വത്ത് കണ്ട് കെട്ടുക, പൊലീസ് അന്വേഷണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം നേതൃത്വത്തിൽ വടകരയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
വടകര പാർക്കിന് സമീപം സൊസൈറ്റി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം വടകര പുതിയ സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. എം നാരായണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ, ഏരിയ സെക്രട്ടറി ടി പി ഗോപാലൻ എന്നിവർ സംസാരിച്ചു.
