
തലശ്ശേരി ജനറൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള പ്രയാസങ്ങൾ, ആശുപത്രി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഡോക്ടർമാരും സ്റ്റാഫും അനുഭവിക്കുന്ന പ്രയാസങ്ങൾ എന്നിവ നേരിൽ കാണാനും മനസിലാക്കാനും കാരായി രാജൻ എംഎൽഎ സന്ദർശനം നടത്തി.
കടലിനും കോട്ടക്കുമിടയിൽ വികസന സാധ്യത തടയപ്പെട്ട് കിടക്കുന്ന ആശുപത്രി കണ്ടിക്കലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവലോകനവും, നിലവിൽ താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ബാഹുല്യം കാരണം അനുഭവിക്കുന്ന പ്രയാസങ്ങളും ചർച്ച ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ:രാജീവും മറ്റ് ഡോക്ടർമാരും ജീവനക്കാരും എംഎൽഎയെ സ്വീകരിച്ചു.
ആശുപത്രിയിൽ അത്യാവശ്യം വേണ്ട വികസന പ്രവർത്തങ്ങളുടെ രൂപരേഖ ഡോ:രാജീവ് എംഎൽഎക്ക് മുമ്പാകെ അവതരിപ്പിച്ചു. തലശ്ശേരി നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിഒടി ഷബീർ ഡോക്ടർമാരുടെയും സ്റ്റാഫിന്റേയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡയാലിസിസ് സൗകര്യം വേണ്ടത്ര ലഭ്യമല്ലാത്തത് ഉൾപ്പെടെ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയെ ധരിപ്പിക്കുമെന്ന് എംഎൽഎ അറിയിച്ചു
