
തിരുവനന്തപുരം: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ച ‘കാഫിർ സ്ക്രീൻഷോട്ട്’ വ്യാജ പ്രചാരണ കേസിലെ പോലീസ് അന്വേഷണം അടിയന്തരമായി ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പാറക്കൽ അബ്ദുല്ല MLA ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് കണ്ട് കത്ത് നൽകി.
ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ട് ഇപ്പോൾ 20 മാസം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഈ ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാതെ അന്വേഷണം അവസാനിപ്പിക്കാൻ പോലീസ് ശ്രമിക്കുന്നതായി പത്രവാർത്തകൾ വരുന്നത് കടുത്ത ജനരോഷത്തിന് കാരണമായിട്ടുണ്ടെന്ന് പാറക്കൽ അബ്ദുല്ല ആഭ്യന്തര മന്ത്രിയെ അറിയിച്ചു.
നാടിന്റെ സൗഹാർദ്ദം തകർക്കാൻ ശ്രമിച്ച സൈബർ കുറ്റവാളികളെ വെറുതെ വിടരുതെന്നും നിരപരാധിയായ മുഹമ്മദ് കാസിമിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട്, കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നൽകി.
