
പൂവാടന്‍ഗേറ്റ് അടിപ്പാതയില്‍ മേല്‍ക്കൂര പണിയണം: ആക്ഷന്‍ കമ്മിറ്റിവടകര:
മുനിസിപ്പാലിറ്റിയിലെ പൂവാടന്ഗേറ്റില് നിര്‍മിച്ച അടിപ്പാതയുടെ ഇരുഭാഗത്തെയും അപ്രോച്ച് റോഡില്‍ മേല്‍ക്കൂര പണിയണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തര നടപടി തേടി റെയില്‍വെ അധികാരികളെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു.ഒച്ചിഴയും മട്ടിലായിരുന്ന അടിപ്പാത നിര്‍മാണം നാട്ടുകാരുടെ നിരന്തര സമ്മര്‍ദ ഫലമായി ഒരു വര്‍ഷം മുമ്പാണ് പൂര്‍ത്തിയായതും ഗതാഗതത്തിന് തുറന്നുകിട്ടിയതും. തുടര്‍ച്ചയായി മഴ പെയ്താല്‍ അടിപ്പാതയില്‍ വെള്ളം പൊങ്ങുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ഇത് ഒഴിവാക്കാന്‍ അടിപ്പാതയുടെ ഇരുഭാഗത്തും മേല്‍ക്കൂര പണിയാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.വേനല്‍ മഴയും ഉറവയും കാരണം ഇപ്പോള്‍ അടിപ്പാതയില്‍ ചെറിയതോതില്‍ വെള്ളം എത്തുന്നുണ്ടെങ്കിലും നിശ്ചിത ലവല്‍ ആകുന്നതോടെ ഓട്ടോമാറ്റിക്കായി മോട്ടോര്‍ പ്രവര്‍ത്തിക്കുകയും വെള്ളം ഒഴിവായിപ്പോവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മണ്‍സൂണ്‍ കാലത്ത് തുടര്‍ച്ചയായി മഴ പെയ്യുകയും വൈദ്യുതി തടസം ഉണ്ടാവുകയും ചെയ്താല്‍ അടിപ്പാതയില്‍ വലിയ തോതില്‍ വെള്ളം ഉയരും. ഇത് റോഡ് ഗതാഗതം തടസപ്പെടാന്‍ ഇടയാക്കും.
മേല്‍ക്കൂര പണിതാല്‍ അടിപ്പാതയില്‍ ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നതിനാല്‍ ഇത് മോട്ടോര്‍ ഉപയോഗിച്ച് ഒഴിവാക്കാനാവും. ഈ സാഹചര്യത്തില്‍ മഴക്കാലത്തിനു മുമ്പ് മേല്‍ക്കൂര യാഥാര്‍ഥ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ചെയര്മാന് പി.മഹമൂദ് അധ്യക്ഷത വഹിച്ചു. വി.കെ.ശൈലേഷ്, ടി.പി.രാജീവന്, ബഷീര്‍ പൊന്മണിച്ചി, മൂഹമ്മദ് ഷഫീഖ്, ടി.പി.രാജേന്ദ്രന്, സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ആര്.കെ.പ്രദീപ് സ്വാഗതം പറഞ്ഞു.
