
മുഴുവൻ വിദ്യാർഥികളും വോട്ടർപട്ടികയിൽ; കടത്തനാട് കോളേജിന് പുരസ്കാരം13vat4- മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതിന് കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പുരസ്കാരം കളക്ടർ സ്നേഹിൽകുമാർ സിങ് കോളേജ് ഭാരവാഹികൾക്ക് കൈമാറുന്നു.
വടകര: ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയ കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം. പ്രത്യേകപ്രശംസയും പുരസ്കാരവും സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കളക്ടർ സ്നേഹിൽ കുമാർ സിങ് കോളേജ് പ്രതിനിധികൾക്ക് കൈമാറി. വടകര മേഖലയിൽ കടത്തനാട് കോളേജ് മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.
വോട്ടവകാശം വിനിയോഗിക്കുന്നതിൽ യുവജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘എപിക് ഓഫ് കോഴിക്കോട്’എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്.പ്രിൻസിപ്പൾ ഡോ.കെ.സി. ബബിത, ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് കോ-ഓർഡിനേറ്റർ വി.എം.രജനി, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ ആദിലാൽ, അളകനന്ദ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. സബ് കളക്ടർ ഗൗതം രാജ്, അസിസ്റ്റന്റ് കളക്ടർ മോഹനപ്രിയ, വടകര എ.ഡി.എം അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പസുകളിലെ യുവ വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ കോളേജ് നടത്തിയ മികച്ച പ്രവർത്തനങ്ങളെ കളക്ടർ അഭിനന്ദിച്ചു.
