
ഒഞ്ചിയം: ഒഞ്ചിയം സ്കൂൾ പരിസരത്ത് കുറുക്കന്റെ പരാക്രമം. വ്യാഴാഴ്ച സന്ധ്യയ്ക്കായിരുന്നു മുണ്ടോളംകുനി വയലിലും കഴകപ്പുര താഴയും പുതിയെടുത്ത് ക്ഷേത്ര പരിസരത്തുമെല്ലാം കുറുക്കൻ ഭീതി പരത്തിയത്.
കുറുക്കന്റെ കടിയേറ്റ് ആറുപേർക്കും അക്രമം തടയുന്നതിനിടെ വീണ് ഒരാള്‍ക്കും പരിക്കേറ്റു. കുറുക്കന് പേവിഷബാധ ലക്ഷണം കണ്ടതിനാൽ നാട്ടുകാർ പിന്നീട് അതിനെ തല്ലിക്കൊന്നു. കരുവാരക്കൽ താഴക്കുനി ബാലൻ (64), കഴകപ്പുരയിൽ പ്രസന്ന (68), മുണ്ടോളംകുനിയിൽ നിത്യ (28), പാറയുള്ള പറമ്പത്ത് പി പി മനോജൻ (54), മീത്തലെകുന്നത്ത് സുരേഷ് (44), വടകര വള്ള്യാട് തുണ്ടിയില്‍ ആദിദേവ് (18) എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത്.
കുറ്റിയിൽ മീത്തൽ പ്രകാശനാണ് (53) കുറുക്കന്റെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ഒഞ്ചിയത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് ആദിദേവിന് കടിയേല്‍ക്കുന്നത്. കുറുക്കന്റെ കടിയേറ്റവർ വടകര ഗവ. ആശുപത്രിയിൽ പേ വിഷബാധയ്ക്കെതിരേയുള്ള കുത്തിവെയ്പ് നടത്തി.
പ്രദേശത്ത് തെരുവു നായ്ക്കളുടേയും കുറുക്കൻമാരുടേയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവം സംബന്ധിച്ച് കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ നാട്ടുകാർ പരാതി നൽകി. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട്, വാർഡ് മെമ്പർ നിഷ കഴകപുരയിൽ തുടങ്ങിയവർ സ്ഥലത്തെത്തി.
