
തിരുവള്ളൂർ ചാനിയം കടവ് സൗമ്യത മെമ്മോറിയൽ യുപി സ്കൂൾ 125 ആം വാർഷികത്തോടനുബന്ധിച്ച് പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ ട്രീബ്യൂട്ട് ബൈ സ്റ്റോറീസ് എന്ന സംഘടന ‘വാർഷിക വൃക്ഷം’ പദ്ധതി നടപ്പിലാക്കുന്നു. 125 വിദ്യാർത്ഥികളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്ന പദ്ധതിയാണ് ഇത്.
. ട്രീ ബ്യുട്ടിന്റെ ഒരു സംഘം വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ചെന്ന് കുഴിയെടുത്ത്, വൃക്ഷത്തൈ നട്ടു, വളമിട്ട് കൊടുക്കുകയാണ് ചെയ്യുന്നത്. വിദ്യാർഥികൾ അവ നനച്ച് സംരക്ഷിച്ചാൽ മതി. തൈകളുടെ വളർച്ച പ്രകടമാക്കുന്ന ഫോട്ടോകൾ ഓരോ മൂന്നുമാസത്തിലും എടുത്ത് ഇതിനായി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കണം.പരിപാടിയുടെ ഉദ്ഘാടനം സർക്കാറിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ സ്കൂൾ ലീഡർ അമീൻ മൂസയ്ക്ക് വൃക്ഷത്തൈ കൈമാറിക്കൊണ്ട് നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് എൻ എം നിഷാദ് അധ്യക്ഷനായി. ട്രീബ്യുട്ടിന്റെ പ്രതിനിധി എം റസീല പദ്ധതി വിശദീകരിച്ചു.
സരസ്വതി ബിജു പരിസ്ഥിതി കവിത ചൊല്ലി. സ്കൂൾ ഹെഡ്മിസ്ട്രസ് ടി അഞ്ജലി, കെ മിനി, ബിജു മലയിൽ, എൻ എം ചന്ദ്രൻ, സ്കൂൾ ലീഡർ അമീൻ മൂസ, ഷെൻസ ആയിഷ, ടി കൃതിക, വിഎസ് സൗചിത്യ, അർജുൻ ശേഖർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കുള്ള വിവിധ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ മറ്റ് സ്കൂളുകളുടെ വാർഷികത്തോടനുബന്ധിച്ചും പദ്ധതി നടപ്പിലാക്കുന്നുണ്ട്.പടം: ചാനിയം കടവ് സൗമ്യത മെമ്മോറിയൽ യുപി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് ‘വാർഷിക വൃക്ഷം’ പദ്ധതി വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.
