പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ ആരോപണവിധേയനായ എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. നേരത്തെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐജി ദക്ഷിണ മേഖല ഐജിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു.
2023 മെയ് 24ന് പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെപി ഔസേപ്പിനെയും മകനെയുമായിരുന്നു അന്നത്തെ എസ്എച്ച്ഒയായിരുന്ന രതീഷ് മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഈ അടുത്താണ് പുറത്തുവന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിയക്ക് പിന്നാലെയാണ് സ്റ്റേഷനിലെത്തിച്ച് ഇരുവരെയും എസ്എച്ച്ഒ മർദിച്ചത്.

