
പിലാത്തറ സ്വർണക്കവർച്ച: ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം നാലായി.
പിലാത്തറ: കണ്ണൂർ പിലാത്തറയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് ഒന്നരക്കോടി രൂപയും സ്വർണാഭരണങ്ങളും കവർന്ന കേസിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി.
ചൊക്ലി സ്വദേശി അഭിനവ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി ഉയർന്നു.കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു നാടിനെ നടുക്കിയ കവർച്ച നടന്നത്. പിലാത്തറയിൽ വെച്ച് സ്വർണവ്യാപാരി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം പണവും സ്വർണവും അടങ്ങിയ ബാഗ് സംഘം കവരുകയായിരുന്നു.
സംഭവം നടന്ന് മാസങ്ങൾക്കുശേഷവും ഊർജ്ജിതമായ അന്വേഷണത്തിലൂടെയാണ് പോലീസിന് പ്രതികളിലേക്ക് എത്താനായത്.കേസിലെ മറ്റ് പ്രതികളെക്കുറിച്ചും കവർന്ന പണവും സ്വർണവും വീണ്ടെടുക്കുന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
