
വിദ്വേഷത്തിന്റെയും അപരവൽക്കരണത്തിന്റെയും രാഷ്ട്രീയത്തിനെതിരെയുള്ള മതേതരവാദികളുടെ പോരാട്ടത്തിന് കരുത്ത് പകരുക എന്നതാണ് ഗാന്ധിഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം ഗാന്ധി ഫെസ്റ്റ് ഡയറക്ടർ പി ഹരീന്ദ്രനാഥ്
2025 ഒക്ടോബർ 3,4,5 തീയ്യതികളിൽ വടകര ടൗൺഹാളിൽ ഗാന്ധി ഫെസ്റ്റ് നടക്കുകയാണ് വിഷലി പ്തമായ മനസ്സുകൾ വർഗീയതയുടെ വൈക്കോൽ ക്കൂനകൾക്ക് ഒളിഞ്ഞും തെളിഞ്ഞും തീ കൊളുത്തുന്ന വർത്തമാനകാലത്ത്, മഹാത്മാഗാന്ധിയെ ഓർമിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യുക എന്നത് ഏറ്റവും പ്രസക്തമായ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനമാണ്
മത നിരപേക്ഷ ഭാരതത്തിൻ്റെ അതിജീവനം ഇന്ന് കടുത്ത വെല്ലുവിളികൾ നേരിടുകയാണ്.വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും അപരവൽക്കരണത്തിന്റെയും രാഷ്ട്രീയത്തിനെതിരെയുള്ള മതേതരവാദികളുടെ പോരാട്ടത്തിന് കരുത്ത് പകരുക എന്നതാണ് ഗാന്ധിഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം.ഒരു നൂറ്റാണ്ടിനും മുമ്പ് ഇന്ത്യയിലെ വർഗീയതയുടെ തുടക്കം, വ്യാപനം, പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് ഉൾക്കണ്ഠാകുലനാവുകയും മുന്നറിയിപ്പ് നൽകുകയും യുക്തിഭദ്രമായ പരിഹാരങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്ത ആദ്യത്തെ നേതാവാണ് മഹാത്മാഗാന്ധി.1909ൽ എഴുതിയ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി : ഒരു ബിന്ദുവിൽ എത്തിച്ചേരുന്ന ഭിന്നമാർഗങ്ങൾ അല്ലേ വ്യത്യസ്ത മതങ്ങൾ ? മാർഗഭേദങ്ങൾ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്? പിന്നെ കലഹത്തിന് കാരണമെവിടെ? മഹാത്മാഗാന്ധിയുടെ ജീവിതദർശനത്തെ , പ്രപഞ്ച വീക്ഷണത്തെ , സത്യാന്വേഷണ പരീക്ഷണങ്ങളെ, സത്യാഗ്രഹ സിദ്ധാന്തത്തെ, മതനിരപേക്ഷ നിലപാടുകളെ ,ഇന്ത്യൻ വിമോചന സ്വപ്നങ്ങളെ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പുനർ വായിക്കാനുള്ള സത്യസന്ധമായ ശ്രമമാണ് വടകരയിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന ഗാന്ധിഫെസ്റ്റ്
.പി ഹരീന്ദ്രനാഥ്, ഡയറക്ടർ, ഗാന്ധി ഫെസ്റ്റ്
