
ഏകാധിപത്യ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന് സമയമായി; അദിതി മിശ്ര.
വടകര: വിദ്യാഭ്യാസത്തെയും ജനാധിപത്യത്തെയും ഞെരിച്ചുകൊല്ലാനും കാവി വൽക്കരിക്കാനുമുള്ള സംഘപരിവാർ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടത്തിന് സമയമായെന്ന് ജെ.എൻ.യു സ്റ്റുഡൻ്റ്സ് യൂനിയൻ പ്രസിഡൻ്റ് അദിതി മിശ്ര പറഞ്ഞു. ഓർക്കാട്ടേരിയിൽ ആർഎംപിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.കൃഷ്ണപ്പിള്ള ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജാതിവിവേചനത്തിനിരയായി കൊല്ലപ്പെട്ട രോഹിത് വെമുല മുതൽ അഞ്ചരക്കണ്ടി കോളജിൽ മരിച്ച നിതിൻ രാജ് വരെ വിദ്യാഭ്യാസത്തിലെ കാവി വൽക്കരണത്തിൻ്റെ ഇരകളാണ്.
നീറ്റ് ക്രമക്കേടിൽ നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടും അതിന് ഉത്തരവാദിയായ മന്ത്രിയെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം കൊണ്ട് യുവാക്കളെയും വിദ്യാർത്ഥികളെയും കർഷകരെയുമെല്ലാം വഞ്ചിക്കുകയും സർവ മേഖലകളും തകർക്കുകയും ചെയ്ത ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. ഇവിടെ സംഘപരിവാറിനെ അനുകൂലിക്കാത്തആർക്കും രക്ഷയില്ലെന്ന അവസ്ഥയാണ്. ഏത് കൊടും ക്രൂരകൃത്യവും ചെയ്തവർ സംഘപരിവാർ അനുകൂലികളെങ്കിൽ സംരക്ഷിക്കപ്പെടും.
ഈ ക്രിമിനൽവൽക്കരിക്കപ്പെട്ട ഭരണകൂടത്തിനു കീഴിൽ ഭരണഘടന സ്ഥാപനങ്ങൾക്കും കോടതികൾക്കു പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ജന്തർ മന്തർ സമരം തരുന്ന പാഠമുൾക്കൊണ്ട് ഇവർക്കെതിരായ സമരത്തിന് ഊർജം പകരാൻ പി.കൃഷ്ണപ്പിള്ളയും ഭഗത്സിങ്ങും ടി.പി ചന്ദ്രശേഖരനുമടക്കമുള്ളവർ കാണിച്ച വഴിയിലൂടെ മുന്നേറാമെന്നും അദിതിമിശ്ര കൂട്ടിച്ചേർത്തു. ടി.കെ സിബി അധ്യക്ഷനായി സംസ്ഥാന സെക്രട്ടറി എൻ വേണു, കെ. എസ് ഹരിഹരൻ, എൻ.പി ഭാസ്കരൻ മാസ്റ്റർ, ടി.കെ വിമലടീച്ചർ, കെ.ഭാസ്കരൻ, കെ.കെ സദാശിവൻ, ഏ.കെ. ബാബു എന്നിവർ സംസാരിച്ചു.
