ഷൊർണൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനാണ് സാങ്കേതിക തകരാറിനെ തുടർന്ന് വടകരയിൽ ഒരു മണിക്കൂറോളം നിർത്തിയിട്ടത്. ട്രെയിനിന്റെ ബ്രേക്ക് സിസ്റ്റത്തിനുണ്ടായ തകരാറാണ് ഗതാഗതം തടസ്സപ്പെടാൻ കാരണമായത്.
ഇന്ന് രാവിലെ എട്ടേകാലോടെയാണ് സംഭവം. വടകര സ്റ്റേഷനിലെത്തിയ മെമു ട്രെയിൻ ബ്രേക്ക് തകരാറിനെ തുടർന്ന് മുന്നോട്ട് എടുക്കാൻ സാധിക്കാതെ വരികയായിരുന്നു. ഇതോടെ ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോകാൻ ട്രെയിനിനെ ആശ്രയിച്ച നൂറുകണക്കിന് യാത്രക്കാരാണ് വടകരയിൽ വലഞ്ഞത്.
മെമുവിന് പിന്നാലെ എത്തേണ്ടിയിരുന്ന മറ്റ് രണ്ട് ട്രെയിനുകളും ഇതോടൊപ്പം വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടേണ്ടി വന്നു. തുടര്ന്ന് റെയിൽവേ ജീവനക്കാരെത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബ്രേക്കിലെ സാങ്കേതിക തകരാർ പരിഹരിച്ചത്. തകരാർ പൂർണ്ണമായി പരിഹരിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.

