
_പ്രതിപക്ഷത്തിരിക്കുമ്പോൾ ഊരാളുങ്കലിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചവരാണ് നിലവിൽ ഭരണത്തിലുള്ളത്. ബൽറാമിൻ്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി._
തിരുവനന്തപുരം : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ പിന്തുണച്ച് സർക്കാർ നിയമ സഭയിൽ. ഊരാളുങ്കലിൻ്റേത് നിലവാരമുള്ള പ്രവൃത്തിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ പറഞ്ഞു. ഊരാളുങ്കൽ സൊസൈറ്റി സംസ്ഥാനത്ത് നടത്തുന്നത് തികച്ചും നിലവാരമുള്ള പ്രവൃത്തികളാണെന്നാണ് മന്ത്രി സഭയിൽ പറഞ്ഞത്.പ്രവൃത്തികളിലെ ഈ മികച്ച നിലവാരം ഒന്നുമാത്രമാണ് എല്ലാവരും ഊരാളുങ്കലിന് പിന്നാലെ പോകാൻ കാരണമെന്നും പികെ ബഷീർ പറഞ്ഞു.
ഊരാളുങ്കൽ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.’സൊസൈറ്റിക്ക് നൽകിയ കരാറിന്റെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വ്യത്യാസപ്പെടുത്തി നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഊരാളുങ്കലിൻ്റേത് നിലവാരമുള്ള പ്രവർത്തികളാണ്. ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല.’ വിടി ബലറാമിന്റെ ചോദ്യത്തിന് മറുപടി നല്കവെ മന്ത്രി സഭയെ അറിയിച്ചു.
ഊരാളുങ്കലിന് സർക്കാർ വഴിവിട്ട് കരാറുകൾ നൽകിയെന്ന് പ്രതിപക്ഷത്തായിരിക്കുമ്പോൾ യുഡി എഫ് ആരോപിച്ചിരുന്നു.ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പ് യാതൊരുവിധ പ്രത്യേക പരിഗണനയും നൽകുന്നില്ല. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ആവശ്യമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ ഒരു പ്രവൃത്തിയും സൊസൈറ്റിക്ക് അനുവദിച്ചിട്ടില്ല. ഊരാളുങ്കൽ സൊസൈറ്റി നിർമാണ പ്രവർത്തനങ്ങളിൽ ഗുണനിലവാര പരിശോധന കർശനമായി പാലിക്കുന്നുണ്ടെന്നും പൊതുമരമാത്ത് വകുപ്പ് മന്ത്രി പറഞ്ഞു.
വാസ്തവത്തിൽ ആഗോളതലത്തിൽത്തന്നെ വലിയ അംഗീകാരമുള്ള സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി.ഊരാളുങ്കൽ സൊസൈറ്റി ഇന്ന് കേരളത്തിന്റെയെന്നല്ല, രാജ്യത്തിന്റെതന്നെ അഭിമാനമാണ്. “ഇത്ര ഊർജ്ജസ്വലവും സഫലവുമായ ഒരു സഹകരണസ്ഥാപനം ലോകത്തു ഞങ്ങൾ കണ്ടിട്ടില്ല” എന്നാണ് ഐക്യരാഷ്ട്രസഭയുടെയും UNDPയുടെയും റസിഡന്റ് കോർഡിനേറ്റർ ലിസെ ഗ്രാൻഡ് പറഞ്ഞത്. UNDP 2013-ത്തന്നെ പ്രവർത്തനമികവിനുള്ള മാതൃകാസഹകരണസംഘമായി ഊരാളുങ്കൽ സൊസൈറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ആഗോളമാതൃക എന്നനിലയിൽ ആ വിജയഗാഥ അവർ ഡോക്യുമെന്റ് ചെയ്തു. ലോകത്തെ പഠിപ്പിക്കാൻ എന്നാണ് യു.എൻ.ഡി.പി. അതേപ്പറ്റി പറഞ്ഞത്.
അത് അവർ ലോകമെമ്പാടും പ്രദർശിപ്പിക്കുന്നു. ഈ സൊസൈറ്റിയെപ്പറ്റി സമഗ്രമായി പഠിക്കാൻ ഹാർവാർഡ് സർവ്വകലാശാലയിൽനിന്ന് മൂന്നംഗവിദഗ്ദ്ധസംഘത്തെ അയയ്ക്കുകയും ചെയ്തിരുന്നു.കേരളത്തിലെ നൂറുവർഷം ചരിത്രമുള്ള തൊഴിലാളിസഹകരണസംഘമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS)യുടെ ആസ്ഥാനം ഇന്ന് ‘ലോക സഹകരണസാംസ്കാരിക പൈതൃകകേന്ദ്രം’ (World Cooperative Cultural Heritage Site) ആണ്. ബ്രസീലിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ ആസ്ഥാനമായ ബ്രസീലിയയിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ 2016 നവംബർ 13-ന് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസാ(ICA)ണു പ്രഖ്യാപനം നടത്തിയത്. 25 രാജ്യങ്ങളിലെ 31 കേന്ദ്രങ്ങളിൽ ഒന്നായാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ ആസ്ഥാനത്തെ ഭൂപടത്തിൽ അടയാളപ്പെടുത്തിയത്.
സഹകരണരംഗത്തെ രാജ്യാന്തരസംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻ(ICA)സിൽ അംഗത്വം ലഭിച്ച ഏക പ്രാഥമികസഹകരണസംഘമാണിത്. ദേശീയതലത്തിലുള്ള സ്ഥാപനങ്ങൾക്കാണ് അതിൽ അംഗത്വം നല്കുക. 2019-ലാണ് ഊരാളുങ്കൽ സംഘത്തെ അംഗത്വം നല്കി അവർ ആദരിച്ചത്. ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസ് അവരുടെ യോഗത്തിൽ പങ്കെടുക്കാൻ സൊസൈറ്റിയെ 2018-ൽ ക്ഷണിക്കുകയും ചെയ്തിരുന്നു.വ്യവസായ – ഉപഭോക്തൃസേവന മേഖലയിൽ ഏറ്റവും ഉയർന്ന വിറ്റുവരവു നേടിയ ലോകത്തെ രണ്ടാമത്തെ സഹകരണസ്ഥാപനമായി വേൾഡ് കോപ്പറേറ്റീവ് മോനിട്ടർ 2020-ലെയും ’21-ലെയും ’22-ലെയും റിപ്പോർട്ടുകളിൽ റാങ്കു ചെയ്തിരിക്കുന്നു. ഐസിഎയുടെ ആഭിമുഖ്യത്തിൽ ഉള്ള പ്രതിവർഷ ആധികാരിക റിപ്പോർട്ടാണ് വേൾ കോപ്പറേറ്റീവ് മോനിറ്റർ.രാജ്യത്തെ സഹകരണനവരത്നങ്ങളിൽ ഒന്നാണ് ഈ സൊസൈറ്റി.
നാഷണൽ കോപ്പറേറ്റീവ് യൂണിയൻ ഓഫ് ഇൻഡ്യ രാജ്യത്തെ എട്ടുലക്ഷം കോപ്പറേറ്റീവുകളിൽനിന്നാണു നവരത്നങ്ങളെ തെരഞ്ഞെടുത്തത്. ദേശീയോദ്ഗ്രഥന സാമ്പത്തിക കൗൺസിൽ നല്കുന്ന ഇന്ദിര ഗാന്ധി സദ്ഭാവന പുരസ്ക്കാരം– 2005, കേന്ദ്രസർക്കാരിന്റെ എൻ.സിഡി.സി. എക്സലൻസ് അവാർഡ് – ഒന്നിലേറെത്തവണ, രാജ്യത്തെ ഏറ്റവും മികച്ച ലേബർ കോപ്പറേറ്റീവ് സൊസൈറ്റിക്കുള്ള നാഷണൽ ലേബർ കോപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ പുരസ്ക്കാരം – 2013, രാജ്യത്തെ ഏറ്റവും മികച്ച ലേബർ കോപ്പറേറ്റീവ് സൊസൈറ്റിക്കുള്ള നാഷണൽ കോപ്പറേറ്റീവ് യൂണിയൻ ഓഫ് ഇൻഡ്യയുടെ പുരസ്ക്കാരം – 2016, ദേശീയനൈപുണ്യവികസനകൗൺസിൽ (National Skill Development Council – NSDC) അക്രഡിറ്റേഷൻ, സംസ്ഥാനത്തെ മികച്ച സംഘത്തിനുള്ള പല അവാർഡുകൾ പലവട്ടം… ഇങ്ങനെ എത്ര ദേശീയ, രാജ്യാന്തര ബഹുമതികളാണ് ഈ സ്ഥാപനത്തെ തേടി വന്നിട്ടുള്ളത്! സംസ്ഥാൻസർക്കാർ സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകാരിക്ക് ഏർപ്പെടുത്തിയ റോബർട്ട് ഓവൻ അവാർഡ് ആദ്യമായി ഊരാളുങ്കൽ സൊസൈറ്റിയുടെ ചെയർമാൻ രമേശൻ
ശ്പാലേരിക്കു നല്കി ആദരിക്കുകയുണ്ടായി. കേരളസംസ്ഥാനത്ത് ഏറ്റവും മികച്ച സഹകരണസംഘത്തിനുള്ള 2025-ലെ ‘കോ-ഓപ്പ് ഡേ’ പുരസ്കാരം ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് സഹകരണസംഘത്തിനു ലഭിച്ചു.നാഷണൽ അഡ്വൈസറി കൗൺസിൽ ഓൺ ലേബർ കോപ്പറേറ്റീവിൽ യു.എൽ.സി.സി.എസിന് അംഗത്വം ലഭിക്കുന്നത് 2012-13 കാലത്താണ്. ഇപ്പോഴത്തെ യൂണിയൻ ഗവണ്മെന്റും പുതുതായുണ്ടാക്കിയ സഹകരണമന്ത്രാലയത്തിന്റെ ഉപദേശകസമിതിയിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂണിയൻ കോപ്പറേറ്റീവ് മിനിസ്റ്റർ അമിത് ഷാതന്നെ ഈ സൊസൈറ്റിയെ പ്രശംസിച്ചതും മാദ്ധ്യമങ്ങളിൽ നാം കണ്ടു.പല സുപ്രധാന രാജ്യാന്തരവേദികളിലും അനുഭവങ്ങൾ പങ്കുവയ്ക്കാനും പ്രബന്ധങ്ങൾ അവതരിപ്പിക്കാനും രാജ്യത്തുനിന്നു ക്ഷണിക്കപ്പെടുന്ന പ്രധാനസ്ഥാപനംകൂടിയാണ് ഇന്ന് യു.എൽ.സി.സി.എസ്. 2017-ൽ ഫിലിപ്പീൻസിൽ നടന്ന മൂന്നാമത് സർവ്വീസ് ആൻഡ് വർക്കേഴ്സ് കോപ്പറേറ്റീവ്സ് ക്ലസ്റ്റർ കോൺഗ്രസിൽ സൊസൈറ്റി ക്ഷണിക്കപ്പെടുകയും ‘ഏഷ്യാപസഫിക് മേഖലയിലെ ലേബർ സർവ്വീസ് കോപ്പറേറ്റീവ്സിന്റെ വിജയം’ എന്ന പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.ഓസ്റ്റ്രേലിയയിലെ സിഡ്നി ന്യൂകാസിലിൽ 2019 ഡിസംബർ 12 മുതൽ 14 വരെ ഐ.സി.എ. സംഘടിപ്പിച്ച ഏഷ്യാപസഫിക് കോപ്പറേറ്റീവ് റിസർച്ച് കോൺഫറൻസിലും പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണിക്കപ്പെട്ടു.
ഇറാനിലെ ടെഹ്റാനിൽ 2018-ൽ ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസ് ഏഷ്യ പസഫിക് സംഘടിപ്പിച്ച ‘വിദ്യാഭ്യാസസംരംഭങ്ങളിൽ യുവാക്കളും സഹകരണസംഘങ്ങളും’ എന്ന സംയുക്തശിൽപ്പശാലയിലേക്കും സൊസൈറ്റി ക്ഷണിക്കപ്പെട്ടു.ഐഎസ്ഒ 9001, 14001, 45001 സർട്ടിഫിക്കേഷനുകൾക്ക് ഉടമയുമാണ് സൊസൈറ്റി. സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങൾക്കും സമാനമായ അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ ഉണ്ട്.എല്ലാ കോണിലുംനിന്ന് ഇത്തരം അംഗീകാരങ്ങൾ തേടിയെത്തുന്നത് സൊസൈറ്റിയുടെ അന്യാദൃശമായ മികവുകളും വിശ്വാസ്യതയും കൊണ്ടുതന്നെയാണ്.
