
മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവർക്ക് യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും പാരിതോഷികം പ്രഖ്യാപിച്ചു.
ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണം സമ്മാനമായി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കിയാല്‍ കുഴിമന്തി നല്‍കാം എന്നാണ് കെഎസ്യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം. പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസും കുഴിമന്തി ഓഫറുമായി രംഗത്തെത്തി.വീണ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം കൊണ്ടുവന്നാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു.
കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടല്‍ ഇന്ന് രാഹുല്‍ ഗാന്ധി നിർവ്വഹിക്കുകയാണ്. അത് വാർത്തയില്‍ നിന്ന് മാറ്റാനുള്ള ‘കിണർഗോലു’ തന്ത്രമെന്നും അബിൻ വർക്കി ആരോപിച്ചു.ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്യുക്കാർ ആക്രമിച്ചു എന്നതിന് തെളിവായി ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
കണ്ണൂർ റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ല. ഇതോടെയാണ് ദൃശ്യം ഹാജരാക്കാൻ വെല്ലുവിളിയും ചാലഞ്ചുമായി കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നത്
