
ശരണം വിളികൾ പ്രകമ്പനം തീർത്ത സായംസന്ധ്യയിൽ മകര നക്ഷത്രമുദിച്ച ആകാശത്തിന് താഴെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.
ഭക്തലക്ഷങ്ങൾ മകരജ്യോതിയുടെ പുണ്യത്തിലലിഞ്ഞു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നയുടൻ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.18 മലകളും പ്രകമ്പനം കൊണ്ട ശരണം വിളികൾക്കിടെ തിരുവാഭരണ വിഭൂഷിതനായ അയ്യന് മുന്നിൽ ഭക്ത ലക്ഷങ്ങൾക്ക് മകരജ്യോതിയുടെ പുണ്യദർശനം.
കിഴക്കൻ ചക്രവാളത്തിലെ പൊന്നമ്പലമേട്ടിൽ മൂന്നുതവണ മകരജ്യോതി മിന്നിമാഞ്ഞു. കണ്ണുനട്ട് കാത്തിരുന്ന ഭക്തർക്ക് ആത്മസായൂജ്യത്തിന്റെ നിമിഷം. രാവിലെ മുതൽ ഭക്തിസാന്ദ്രമായിരുന്നു ശബരിമല. വൈകിട്ട് 3.08 നായിരുന്നു മകരസംക്രമ പൂജ. 2.45 ന് തന്നെ നട തുറന്നു.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് മകരസംക്രമ പൂജയും അഭിഷേകവും നടന്നത്. കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യാണ് അഭിഷേകം ചെയ്തത്. മകരവിളക്കിന് അയ്യപ്പന് ചാർത്തുന്ന തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര വൈകിട്ട് 5 മണിയോടെ ശരംകുത്തിയിലെത്തി.
ദേവസ്വം പ്രതിനിധികൾ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ചു. കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ,ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ എന്നിവർ ചേർന്ന് തിരുവാഭരണം സ്വീകരിച്ചു. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു.
തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞു. മകരജ്യോതി ദർശനത്തിന് സാധ്യമായ ഇടങ്ങളിലെല്ലാം ആയിരക്കണക്കിന് ഭക്തർ തമ്പടിച്ചിരുന്നു. കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ പോലീസ് ഒരുക്കിയത്. അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഘട്ടം ഘട്ടമായാണ് ഭക്തരെ മലയിറങ്ങാൻ അനുവദിച്ചത്
